നീണ്ട നാളുകൾ, ഉറക്കമില്ലാത്ത രാത്രി,
ദിവസങ്ങളിലൂടെ, വ്യക്തികളിലൂടെ,
ജീവിതത്തിന്റെ തളർച്ചയെ താണ്ടി.
കയ്യിൽ രക്തക്കറ, മനസ്സിൽ മരവിപ്പ്,
രോഗിയുടെ കണ്ണിലെ ഭയം കലർന്ന പ്രതീക്ഷ.
ജീവൻ രക്ഷിക്കാൻ, മരണത്തെ അകറ്റാൻ,
നീണ്ട പ്രയത്‌നങ്ങൾ പലപ്പോഴും തികയാതെ.
മറ്റുള്ളവർക്ക് ആശ്വാസം, എന്നാൽ,
സ്വയം നീറിക്കൊണ്ടിരിക്കുന്ന മാനസിക പ്രഹരങ്ങൾ,
മുടിഞ്ഞു പോയ പ്രണയ ബന്ധങ്ങൾ,
കുടുംബത്തോട് നഷ്ടമായ വിലപ്പെട്ട സമയം.
ചുണ്ടിൽ ചിരി ഒട്ടിച്ചു,കണ്ണീരു തുടച്ചു,
ഉള്ളിലെ പാളിച്ചകൾ അടച്ചു കെട്ടി,
പുതിയൊരു ദിനം, പുതിയൊരു പോരാട്ടം,
എത്രകാലം ഈ യുദ്ധം തുടരാം?
കുടുംബം, സ്നേഹിതർ, എല്ലാം അകന്നിരിക്കുന്നു,
ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ, മൂർച്ചയുള്ള വാക്കുകൾ,
രാത്രിയിൽ മനസ്സ് പൊള്ളുന്ന, കൂരമ്പുകൾ ഏറ്റ പോലെ, പടരുന്ന വേദന.
വാക്കിനു ഒരു ഡോക്ടർ,
അനന്തമായ കടമകൾ, കർത്തവ്യങ്ങൾ,
എത്ര നാൾ ഇങ്ങനെ?
പൊട്ടാസ്യം ആമ്പ്യൂളുകൾ കാണുമ്പോൾ ഉള്ളിൽ ഒരായിരം ഇരുണ്ട ചിന്തകൾ.
-G